30 April, 2007

ജോസേട്ടനും ഫുള്‍ബോട്ടിലും

തൃശൂരിലെ ജോലിക്കാലത്താണ്‌ ഞങ്ങള്‍ കുറേപേര്‍ ജോസേട്ടന്റെ ടെമ്പോട്രാവലറില്‍ ഊട്ടിയിലേക്ക്‌ ടൂറ്പോയത്‌.
നാട്ടിലെ ചൂടില്‍നിന്നും തല്‍ക്കാലമെങ്കിലും ഒരു ആശ്വാസമായിരുന്നു പ്രധാനലക്ഷ്യം.
കൂട്ടത്തില്‍ മദ്യപാനശീലമുള്ളവര്‍ ആരുമില്ലായിരുന്നു. രഹസ്യമായിഉള്ളവര്‍ അത്‌ടൂറില്‍ പുറത്തെടുക്കാതിരിക്കാന്‍ ആദ്യമേ 'ടൂറില്‍ മദ്യംഅനുവദനീയമല്ല' എന്നശാസന പുറപ്പെടുവിച്ചതിനുപിന്നില്‍ പ്രവര്‍ത്തിച്ചത്‌ ഞാനായിരുന്നു.

കൊക്കാലയില്‍നിന്നാരംഭിച്ച യാത്ര ശക്തന്‍തമ്പുരാന്‍ സ്റ്റാന്റിനടുത്ത കല്ലട വൈന്‍സിനടുത്തെത്തിയപ്പോള്‍ ഡ്രൈവര്‍ ജോസേട്ടന്‍ വണ്ടിനിര്‍ത്തി. എല്ലാവരോടുമായിപറഞ്ഞു.
"സാധനം' വേണ്ടവരെല്ലാം ഇവിടുന്ന് വാങ്ങിക്കോളൂ. ഒന്ന് ചൂടായിട്ട്‌ തുടങ്ങാം'.
ഞാന്‍ പറഞ്ഞു 'ഞങ്ങളാരും കുടിക്കാറില്ല. ജോസേട്ടന്‍ വിട്ടോ'.
ജോസേട്ടന്‍ അത്ഭുതത്തോടെ പറഞ്ഞു
'ഈകാലത്തും കുടിക്കാത്തചെറുപ്പക്കാരുണ്ടോ? എപ്പഴും കുടിക്കില്ലെങ്കിലും ഇങ്ങിനെയുള്ളസന്ദര്‍ഭങ്ങളില്‍ ഇത്തിരികഴിക്ക്ണേന്‌ ഒരുകൊഴപ്പൂല്യ. അല്ലെങ്കിലിതിനെന്താ ഒരുരസം?'

വണ്ടിഓടിക്കുന്നതിനിടയില്‍ ഇടക്കിടെ അയാള്‍ ഞങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു.
'അല്‍പ്പംകഴിച്ചൂന്ന് കരുതി ഒന്നും സംഭവിക്കില്ല എന്റെ അയല്‍പക്കത്തൊരു അപ്പാപ്പനുണ്ടായിരുന്നു. തൊണ്ണൂറ്റഞ്ചാം വയസ്സിലാതട്ടിപ്പോയേ. ഞാന്‍ കാണണകാലം തൊട്ടേ അങ്ങോര്‌ നാല്‌കാലിലാ...'

അങ്ങനെ ഒരുപാട്‌ കുടിയന്മാരുടെ ആയുര്‍ ദൈര്‍ഗ്യത്തിന്റെ രഹസ്യം അയാള്‍കെട്ടഴിച്ചു. ഒരുതുള്ളിവെള്ളവും കിട്ടാത്ത ഒരു ഗ്യാങ്ങിനെയും കൊണ്ടുള്ള യാത്ര അയാല്‍ക്ക്‌ ഒട്ടും പിടിച്ചിട്ടില്ലെന്ന് വ്യക്തം. ക്ഷമ നശിച്ചെങ്കിലും ഇയാളെ പിണക്കിയാല്‍ ടൂറിന്റെ രസം ചോര്‍ന്നുപോകുമോ എന്നഭയത്താല്‍ എല്ലാവരും സഹിച്ചു.

ഊട്ടിയിലെത്തി റൂമെടുത്തതോടെ അയാളുടെ പരിഭവം ഇരട്ടിയായി.
'ഈതണവത്ത്‌ രണ്ടെണ്ണം വിട്ടില്ലേ പിന്നെ ടൂറ്‌ന്നും പറഞ്ഞ്‌ ഇങ്ങട്‌ വന്ന്ട്ട്‌ എന്തൂട്ട്‌ണാണ്ടാകാര്യം?'

സഹികെട്ട് ഞാന്‍ പുറത്തിറങ്ങി അടുത്ത്‌ കണ്ട ബ്രാണ്ടിഷാപ്പില്‍കയറി.
ആദ്യം കടയിലെ അണ്ണാച്ചിയോട്‌ പറയേണ്ട തമിഴെല്ലാം റിഹേഴ്സല്‍ നടത്തി.(കമ്പനിയിലേക്കുള്ള മെറ്റീരിയത്സിന്റെ ഓര്‍ഡറെടുക്കാന്‍ വരുന്ന മുത്തയ്യന്‍ എന്ന അണ്ണാച്ചിയില്‍നിന്നും കൊഞ്ചം കൊഞ്ചം പഠിച്ച തമിഴെല്ലാം ഒന്ന് പരീക്ഷിക്കുവാനും തീരുമാനിച്ചു.) കുടിയന്മാരുടെ സംഭാഷണത്തില്‍നിന്നും കേട്ട്‌ പരിചയിച്ച ഒരു ബ്രാന്‍ഡിന്റെ പേര്‌ ഓര്‍ത്തെടുത്തു.
'അണ്ണാ ഒ.സി.ആര്‍ ഇരിക്കാ?'
'ഇരിക്ക്'
'ഒരെണ്ണം കൊട്‌.'
'ഫുള്ളാ,ഹാഫാ,ക്വാര്‍ട്ടറാ?'
ഞാനൊന്ന് പകച്ചു. ഏതാവാങ്ങേണ്ടത്?
'അതൊന്നും എനക്ക് തിരിയാത് എതനാ ഒന്ന് കൊട്!'
'ഉങ്കിട്ടെ എവളോകാസിര്ക്ക്?'
'കാസൊന്നും പറവാല്ലെ നീ എട്.'
ഉടനെ അണ്ണാച്ചി ഒരു ഫുള്‍ബോട്ടില്‍ ഒ.സി.ആറുമായിവന്നു.
ചെലവായ പണമൊന്നും നോക്കിയില്ല. ജോസേട്ടന്റെ ആക്രാന്തമൊന്ന് തീരട്ടെ എന്നേകരുതിയുള്ളൂ.

റൂമിലേക്ക്‌ ഫുള്‍ബോട്ടില്‍ റമ്മുമായി കയറിച്ചെന്ന എന്നെകണ്ട്‌ എല്ലാവരും അന്ധാളിച്ചു.
പലരും പരസ്പരം പറഞ്ഞു.
'അതുശരി സാലിം കുടിക്കാറുണ്ടല്ലേ? ടൂറില്‌ കുടിപാടില്ലെന്ന് നെയമം കോണ്ടോന്നിട്ട്‌ വരണവരവ്‌ കണ്ടോ ഫുള്ളാകയ്യില്‌! നാട്‌ വിട്ടാലല്ലേ പലരുടെയും തനിനെറം പുറത്ത്‌വറല്‌. മദ്യത്തിനെതിരെ എത്രവാചകമടിച്ച ആളാ! '

ഞാനതൊന്നും ശ്രദ്ധിക്കാതെ നേരെ ജോസേട്ടനോട്‌ പറഞ്ഞു.
'എന്നാതൊടങ്ങ്വല്ലെ?'
ജോസേട്ടന്റെ മുഖത്ത്‌ പതിനാലാം രാവുദിച്ചു.
'എടാനീയാടാ ആങ്കുട്ടി! വാ ഇങ്ങോട്ടിരി'.
ജോസേട്ടന്‍ നൊടിയിടയില്‍ എവിടെനിന്നോ രണ്ട്‌ ഗ്ലാസും ഒരുകുപ്പിവെള്ളവും കുറച്ച്‌ മിച്ചറും സംഘടിപ്പിച്ചു.
അയാള്‍ കുപ്പിതുറന്ന് ഒരുഗ്ലാസിലേക്ക്‌ പകര്‍ന്നു. രണ്ടാമത്തേതിലേക്ക്‌ പകരാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ തടഞ്ഞു.
'ഞാനിത്‌ ജോസേട്ടന്‌ വേണ്ടി വാങ്ങിയതാണ്‌.എനിക്ക്‌ വേണ്ട.'
'എന്തൂട്ട്‌ വറത്താനാ ഗഡീ ഈപറയണേ? നെനക്ക് വേണ്ടേഎനിക്കും വേണ്ടാ.'
'ജോസേട്ടാ ഞാന്‍ കൂടെ കുടിക്കുന്നൂന്ന് കരുതിയാല്‍ മതി.ജോസേട്ടന്റെ സന്തോഷാ എന്റെയും സന്തോഷം!'
'അതൊന്ന്വല്ല. നീ അടിക്കാത്തേന്റെ കാരണന്താച്ചാ അത്‌പറ! തടിവെടക്കാകുംന്ന് കരുതീട്ടാ?'
'ഏയ്‌! എനിക്കങ്ങിനെ ഒരുപേടിയും ഇല്ല.'
'ആരേങ്കിലും കാണുംച്ചിട്ടാണോ?'
'ഏയ്‌! അതുമല്ല.'
'പിന്നെ?'
പുറകില്‍നിന്നാരോപറഞ്ഞു. 'അവന്‌ കുടിഹറാമായതോണ്ടാണ്‌.'
'അത്‌ ശരി എനിക്കും അതങ്ങനെതന്നേണ്‌''
'എന്ത്‌? ജോസേട്ടന്‌ എങ്ങനേണ്‌ ഹറാമാകണത്‌? ചേട്ടന്‍ കൃസ്ത്യാനിയല്ലേ?'
'അതേടാ എനിക്കും മദ്യം ഹരമാണ്‌. നീപറയുമ്പോള്‍ ഹറാം ഞാന്‍ പറയുമ്പോള്‍ ഹരം! അതോണ്ട്‌ മോന്‍ ആഗ്ലാസ്‌ ഇവിടെ വെയ്‌!'
'ജോസേട്ടന്‍ എന്തുപറഞ്ഞാലും ഞാന്‍ കുടിക്കില്ല. ജോസേട്ടന്‍ തുടങ്ങ്‌.'
എല്ലാവരുടെയും നിര്‍ബന്ധത്തിന്‌ വഴങ്ങി അവസാനം അയാള്‍കീഴടങ്ങി.
'ശരി നിങ്ങള്‍ക്കെല്ലാം നിര്‍ബന്ധാച്ചാല്‍ ഞാന്‍ തൊടങ്ങാന്‍പോവ്വാ. ഇതുപോലെ രണ്ടെണ്ണം വിഴുങ്ങാനുള്ളകപ്പാസിറ്റിഎനിക്ക്ണ്ട് ന്നാലും കമ്പനിക്കൊരാളുണ്ടായാ അതൊരുരസാ'.

ഓരോഗ്ലാസ്‌ കഴിയുമ്പോഴും പുതിയതൊഴിച്ച്‌ മിക്സ്‌ ചെയ്തുവച്ച്‌ ജോസേട്ടന്‍ കുടിയും പ്രസംഗവും തുടര്‍ന്നു.
അരക്കുപ്പി അകത്തായതോടെ അയാളുടെ സംസാരത്തില്‍ 'ഴ' കാരങ്ങള്‍ക്കൊപ്പം പുതിയ തത്വജ്ഞാനവും കടന്നുവന്നു.
'മക്കളേ നിങ്ങളാരും കുഴിക്കരുത്‌! മദ്യം വിഷമാണ്‌! ആദ്യം നിങ്ങള്‍ മദ്യം കുഴിക്കും പിന്നെ നിങ്ങളെ മദ്യം കുഴിക്കും!'
'ആദ്യായിട്ട്‌ കുഴിക്കുന്നോരെന്താ വാള്‌വെക്ക്‍ണേന്നറിയ്‌വോ? '
'ഏയ്‌ ഇല്ല എന്താ? '
'അതായത്‌ നമ്മുടെ കുടുംമ്മത്ത്‌ കേറ്റാന്‍ പറ്റാത്തോന്‍ കുടുംമ്മത്ത്‌ കയറിവന്നാല്‍ ന്താ നമ്മള്‌ ചെയ്യ്‌വാ? ചവിട്ടിപുറത്താക്കും ല്ലേ? അതുപോലെ നമ്മട കൊടലീകേറ്റാന്‍പറ്റാത്തോന്‍ കേറിവന്നപ്പോ കൊടല്‌ എറക്കിവിടുന്നതോണ്ടാ വാള്‌ വെക്ക്‍ണേ...'

'കുടുംമ്മത്ത്‌ കേറ്റാന്‍ കൊള്ളാത്തോന്‍ പിന്നേം പിന്നേം അധികാരത്തോടെ കേറിവരാന്‍ തൊടങ്ങ്യാ പിന്നെന്താ ചെയ്യ്‌വാ? അവന്‍ വരുകേപോവ്വേ എന്തെങ്കിലും ആയിക്കോട്ടേന്ന് കരുതും ല്ലേ? അങ്ങനെ ആകുടുമ്മം അവന്‍ കൊളം തോണ്ടും.'
'അതുപോലെ നമ്മട ആമാശയോം അങ്ങട്‌ കരുതും.അതുകൊണ്ടാണ് പിന്നെ പലരും വാള് വെക്കാത്തത്.'
അങ്ങനെ മദ്യം നമ്മട കൊടലും, ലിവറും,കിട്‌നീം ഒക്കെനശിപ്പിച്ച്‌ നമ്മളെ അങ്ങട്‌...

കാല്‍കുപ്പിയോളം ബാക്കിവച്ച്‌ ജോസേട്ടന്‍ മറിഞ്ഞുവീണു.പിന്നെയും എന്തൊക്കെയോ മുരണ്ടു.പിന്നെ അത്‌ പാറപ്പുറത്ത്‌ ചിരട്ടയുരതുന്നശബ്ദത്തിലുള്ള കൂര്‍ക്കം വലിയായിമാറി.

21 February, 2007

ചെമ്പകസുഗന്ധം

ഈവഴിക്ക്‌ പണ്ട്‌ ചെമ്പകത്തിന്റെമണമായിരുന്നു.വശങ്ങളിലെ നീര്‍ചാലുകളിലൂടെകുഞ്ഞുറവകളൊലിച്ചിരുന്നു.ഈ ഇറക്കം അവസാനിക്കുന്ന പണ്ട്‌ ഞങ്ങള്‍ ഫുട്ബോള്‍ കളിച്ചിരുന്ന വലിയ പറമ്പിനപ്പുറത്തെ കുറ്റിക്കാടിനിടയിലൂടെയുള്ള ഇടുങ്ങിയ ഇടവഴിയിലൂടെയായിരുന്നു പണ്ട്‌ ഞാന്‍ വല്ല്യാലിലേക്ക്‌ പോയിരുന്നത്‌.അന്ന് കമ്പനിജോലി കഴിഞ്ഞാല്‍ ഉടനെ വല്ല്യാലിലേക്കൊരുയാത്രയായിരുന്നു.ആദൃതിപിടിച്ചയാത്രയുടെപൊരുള്‍ കമ്പനിയില്‍ ആര്‍ക്കുമറിയുമായിരുന്നില്ല.കാരണം വിവിധ കള്ളക്കാരണങ്ങളതിനുണ്ടായിരുന്നു.
പക്ഷെ അത്‌ അവള്‍ കുറ്റിക്കാട്‌ കടന്ന് പോകും മുമ്പ്‌ അവള്‍ക്കൊപ്പമെത്താനായിരുന്നു.വിജനമായ ആ ഇടവഴിയിലൂടെഅവളോടെന്തെങ്കിലും പറഞ്ഞുകൊണ്ട്‌ നടക്കണം.അവളും ഞങ്ങളുടെ കമ്പനിയിലാണ്‌ ജോലി ചെയ്യുന്നതെങ്കിലും സ്വതന്ത്രമായൊന്ന് മിണ്ടാന്‍ അവിടെ അവസരമുണ്ടായിരുന്നില്ല.ഉണ്ടായാലും മറ്റുള്ളവര്‍ക്ക്‌ സംശയം നല്‍കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല.കമ്പനിയില്‍ മിണ്ടാപൂച്ചയായിരുന്ന അവള്‍ ആസായന്തനയാത്രയില്‍ എന്നോട്‌ മനസ്സ്‌ തുറക്കും.പട്ടിണിയും കഷ്ടപ്പാടും നിറഞ്ഞ അവളുടെജീവിതം,വീട്ടാനാവാത്തകടങ്ങള്‍,അലസനും മദ്യപാനിയുമായ അച്ഛന്‍,ഹൃദ്രോഗിയായ അനുജന്‍, വീട്‌ പുലര്‍ത്താനും കടങ്ങള്‍വീട്ടാനും വേണ്ടി ആരോഗ്യമില്ലെങ്കിലും കോണ്‍ക്രീറ്റ്‌ പണിക്ക്‌ പോകുന്ന അമ്മയുടെകഷ്ടപ്പാട്‌,അവള്‍ക്ക്‌ വരുന്ന കല്യാണാലോചനകളെല്ലാം സ്ത്രീധനത്തിലും തകര്‍ന്നുവീഴാറായ വീട്ടിലും തട്ടി അലസിപ്പോകുന്നത്‌...അങ്ങിനെ നൂറ്‌നൂറ്‌കണ്ണീരണിഞ്ഞകാര്യങ്ങള്‍.വേദനതോന്നുമ്പോഴും മനസാകെ കുളിരുന്ന ഒരു അനുഭൂതിയായിരുന്നു അവളുടെ വാക്കുകള്‍.വൈകുന്നേരം വരെ ചൂടിയിട്ടും അവളുടെ മുടിയിലണിഞ്ഞ ചെമ്പകപ്പൂവിന്റെ മാസ്മരികസുഗന്ധം ആയാത്രയെ സ്വര്‍ഗീയമാക്കി.ഈകുറ്റിക്കാടിന്റെയും ഈ ഇടവഴിയുടെയും നീളംഇനിയുമേറെ ഉണ്ടായിരുന്നെങ്കിലെന്ന് ഓരോവഴിപിരിയലിലുംതോന്നിയിരുന്നു.പിന്നെ കമ്പനിക്കുപുറത്ത്അവളുടെ സാന്നിധ്യമുള്ളിടത്തെല്ലാം ഞാനും സന്നിധനായി.അമ്പലത്തിലെ താലപ്പൊലിക്ക്‌ കത്തുന്ന നെയ്ത്തിരിക്കുമുന്നില്‍ മറ്റൊരു നെയ്ത്തിരിയായ്‌ കത്തിനില്‍ക്കുന്ന അവളുടെ മുഖം കാണാന്‍ ആള്‍ക്കൂട്ടത്തിനിടക്ക്‌ ഞാനും തിരക്കിനിന്നിരുന്നു.വേലക്കും പൂരത്തിനുമെല്ലാം ആരും ശ്രദ്ധിക്കപ്പെടാതെ ഞാന്‍ അവളുടെ അടുത്തെത്തി.ചെമ്പകപ്പൂവിനോടുള്ള എന്റെ ഇഷ്ടം മനസ്സിലാക്കി കമ്പനിയില്‍ വരുമ്പോള്‍ ഏതാനും ചെമ്പകപൂക്കളവള്‍ എനിക്കായി കരുതിയിരുന്നു.ആരും കാണാതെ അതെനിക്ക്‌ തരുമ്പോള്‍ അവളുടെ ഹൃദയമെന്നപോലെ ഞാനവ ഏറ്റുവാങ്ങി. അവളെ കഷ്ടപ്പാടുകളില്‍നിന്നെല്ലാം മോചിപ്പിച്ച്‌ എന്റെ ജീവിതത്തിലഭയം നല്‍കാന്‍ മനസ്സ്ഏറെകൊതിച്ചതാണ്‌.ഒരിക്കല്‍ രണ്ടും കല്‍പ്പിച്ച്‌ അതവളോട്‌ പറയുകയും ചെയ്തു.
'എനിക്ക്‌ പൊന്നും പണവുമൊന്നും വേണ്ടാ എന്റെ കൂടെ ജീവിക്കാന്‍ നിനക്ക്‌ സമ്മതമാണെങ്കില്‍ എന്റെ കൂടെ വരാം.' പക്ഷെ അവള്‍ എന്നേക്കാള്‍ കൂടുതല്‍ പക്ക്വമതിയായിരുന്നെന്ന് അവളുടെ മരുപടി എന്നെ തിരിച്ചറിയിച്ചു.
'എനിക്ക്‌ നിന്റെ കൂടെ വരാന്‍ നൂറുവട്ടം ഇഷ്ടമാണ്‌,പക്ഷെ ഇതെന്റെവീട്ടുകാരറിഞ്ഞാല്‍! പട്ടിണിയാണെങ്കിലും ദുരഭിമാനത്തിന്റെ കാര്യത്തില്‍ അവര്‍ കോടീശ്വരരാണ്‌.പട്ടിണികിടന്നും എന്നെപോറ്റിവളര്‍ത്തിയ എന്റെ അമ്മക്ക്‌ അവര്‍ക്ക്‌ സഹിക്കാനാവാത്ത ഒരു വേതനനല്‍കിയാല്‍ എന്റെ സങ്കടങ്ങളെല്ലാം തീരുമോ? മകളൊരന്ന്യമതക്കാരന്റെ കൂടെ പ്പോയീന്നറിഞ്ഞാല്‍ അവര്‍ക്ക്‌ സഹിക്കാനാകുമോ?പോട്ടെ നിന്റെ വീട്ടുകാര്‍ക്ക് ആര്‍ക്കങ്കിലുമതിന്‌ കഴിയുമോ? ഏതെതിര്‍പ്പും ഞാന്‍ സഹിക്കാം പക്ഷെ എന്റെ അമ്മയുടെ കണ്ണുനീരുകാണാനെനിക്ക്‌ വയ്യ! പോരാത്തതിന്‌ ഈനാട്ടുകാര്‍ക്ക്‌ കൂടി തമ്മില്‍തല്ലാന്‍ ഇതൊരുകാരണമായിക്കൂടെ? വേണ്ടാ നമുക്ക്‌ ഇങ്ങനെ നടന്ന് രണ്ട്‌ വഴിക്ക്‌ പിരിഞ്ഞുപോകാം'.
അവളത്‌ പറഞ്ഞത്‌ ഉള്‍ക്കൊള്ളാന്‍ അല്‍പ്പം വൈകിയെങ്കിലും എനിക്ക്‌ കഴിഞ്ഞു.അങ്ങിനെ അവളോടുള്ളഇഷ്ടം ഒരുതരം ആരാധനയായിമാറി.
പിന്നീട്‌ ഗള്‍ഫിലേക്ക്‌ പോകാന്‍ യാത്രപറയാന്‍ ചെന്നപ്പോള്‍ തെല്ല് പരിഭവത്തോടെ അവളാകത്തെനിക്ക്‌ തന്നു. അവളുടെ വിവാഹക്ഷണക്കത്ത്‌.ആശംസനേര്‍ന്ന് യാത്രപറഞ്ഞിറങ്ങുമ്പോള്‍ കണ്ണുനിറയാതിരിക്കാന്‍ ഞാനേറെപാടുപെട്ടു.
ഗള്‍ഫിലെ നിലനില്‍പ്പിനായുള്ളപരക്കം പാച്ചിലില്‍ അവളെയും ആനാടും പഴയജോലിസ്ഥലവും എല്ലാം മറന്നു.കഴിഞ്ഞതവണ നാട്ടില്‍ വന്നപ്പോള്‍ വിവാഹം കഴിക്കുകയും കുടുംബജീവിതം തുടങ്ങുകയും ചെയ്ത ആകുറച്ചുനാളുകളില്‍ വിദൂരത്തുള്ള ഈനാട്ടില്‍വരാന്‍ കഴിഞ്ഞില്ല. ആകടം തീര്‍ക്കാനാണ്‌ ഈവരവില്‍ ഇങ്ങിനെ ഒരു യാത്രക്കൊരുങ്ങിയത്‌.ഏകനായി ഈവഴികളിലൂടെ നടക്കാന്‍ മനസ്സ്‌ കുറേനാളുകളായി കൊതിക്കുന്നു.കമ്പനിയില്‍ പഴയ ആരൊക്കെയുണ്ടെന്നറിയില്ല കമ്പനി ജോലി തുടങ്ങാന്‍ സമയമായിട്ടില്ല അത്‌ കൊണ്ട്‌ അവിടെ പോകും മുമ്പ്‌ ഈവഴിയിലൂടെ ഒന്ന് നടക്കണമെന്ന് തോന്നി.
പ്രഭാതസൂര്യകിരണങ്ങളുടെസുഖമുള്ളതലോടല്‍ ശരീരത്തിന്‌ ഉണര്‍വ്വേകുന്നു.അമ്പലത്തില്‍ തൊഴുതുവരുന്നവര്‍ എതിരേനടന്നുവരുന്നുണ്ട്‌ അതില്‍ പരിചിതമുഖങ്ങളേതെങ്കിലുമുണ്ടോ എന്ന് പരതിക്കൊണ്ട്‌ നടന്നു.ആപഴയവഴിയും പാടവും അമ്പലക്കുളവുമെല്ലാമൊന്ന് കാണണം. ആറ്‌ വര്‍ഷം കൊണ്ട്‌ ഈനട്‌ അടിമുടിമാറിയിരിക്കുന്നു.പഴയമണ്‍പാത ടാര്‍ ചെയ്തിരിക്കുന്നു.വശങ്ങളില്‍ ഉറവയൊലിച്ചിരുന്ന നീര്‍ചാല്‍ കോണ്‍ക്രീറ്റ്ചെയ്യപ്പെട്ട്‌ വരണ്ടുണങ്ങിക്കിടക്കുന്നു.പഴയ കളിസ്ഥലത്ത്‌ കൂറ്റന്‍ കോണ്‍ക്രീറ്റ്‌ വീടുകളുയര്‍ന്നുനില്‍ക്കുന്നു.കുറ്റിക്കാടിന്റെസ്ഥാനം തന്നെ നിര്‍ണ്ണയിക്കാന്‍ പറ്റാതെയായിരിക്കുന്നു.കുറ്റിക്കാടിനിടയിലൂടെ ഉണ്ടായിരുന്ന ആ ഇടുങ്ങിയ ഇടവഴി റോഡായി പാടത്തുകൂടി വല്യാലിലേക്ക്‌ നീണ്ട്‌ പോകുന്നു.മാറ്റങ്ങള്‍വീക്ഷിച്ചുകൊണ്ട്‌ നടന്നു.പാടത്തിന്റെ വക്കിലുള്ള അവളുടെ വീടിന്റെ സ്ഥാനത്ത്‌ ചെറുതെങ്കിലും ഭംഗിയുള്ള ഒരു കോണ്‍ക്രീറ്റ്‌ വീട്‌ കണ്ടപ്പോള്‍ മനസ്സിനെന്തോ ഒരാശ്വാസം തോന്നി.കഷ്ടപ്പാടില്‍ നിന്നെല്ലാം അവള്‍ രക്ഷപ്പെട്ടിരിക്കും,ഭര്‍ത്താവും കുട്ടികളുമൊന്നിച്ച്‌ സുഖമായി കഴിയുന്നുണ്ടാകും അവളുടെ ഭര്‍ത്താവിന്റെ കൂടി സഹായമില്ലാതെ അവര്‍ക്കിങ്ങനെ ഒരു വീട്‌ വെക്കാനാവില്ല.
ഒരന്ന്യവീട്ടിലേക്ക്‌ അമിതമായി നോക്കിനില്‍ക്കുന്നതിനെ എന്റെ മാന്യത വിലക്കിയപ്പോള്‍ ഞാന്‍ തിരിഞ്ഞുനടന്നു. ഇനി പഴയ അമ്പലക്കുളമൊന്ന് കാണണം ഒരുപാട്‌ കുളിച്ച കുളമാണ്‌ എന്നും അതിരാവിലെ തോര്‍ത്ത്‌ മുണ്ടും തോളിലിട്ട്‌ വഴിവക്കില്‍ നിന്നും കുറുന്തോട്ടിയും പറിച്ച്‌ അമ്പലക്കുളത്തിലിറങ്ങി പലകുറിനീന്തി കല്ലിലുരതിയുണ്ടാക്കിയ കുറുന്തോട്ടിതാളിയും തലയില്‍ തേച്ച്‌ അരമണിക്കൂറിലധികം നീണ്ടുനില്‍ക്കുന്ന ആകുളിയുടെ ഓര്‍മ്മ മനസ്സില്‍ തികട്ടിവന്നു.അമ്പലക്കുളത്തിന്‌ വലിയ മാറ്റമൊന്നും വന്നിട്ടില്ല നല്ല ആഴവും വിശാലതയുമുള്ള കുളത്തിലെവെള്ളം പുറത്തേക്കൊഴുക്ക്‌ നില്‍ക്കുന്ന കൊടും വേനലില്‍ ഒന്നോ രണ്ടോ മാസം മാത്രമേ കുളം വിജനമായിരുന്നുള്ളൂ.മഴനിന്നിട്ട്‌ രണ്ട്‌ മാസമായെങ്കിലും കുളത്തില്‍ നിന്നും നന്നായി വെള്ളം പുറത്തേക്കൊഴുകുന്നുണ്ട്‌ വെള്ളത്തിന്‍ പഴയതിലും നല്ലതെളിച്ചമുണ്ടെന്ന് തോന്നി.കുളത്തില്‍ പഴയപോലെ ആളുകളൊന്നുമില്ല.ഒന്നുരണ്ട്‌ പ്രായമായവര്‍ പടിയിലിരുന്ന് കുളിക്കുന്നു അത്രമാത്രം.
'അല്ലസാലീമല്ലെ ഇത്‌?നീഗള്‍ഫ്ന്നെന്ന് വന്നു?' അമ്പലത്തില്‍ നിന്നുമ്മടങ്ങുന്ന ഒരു സ്ത്രീ എന്റെ നേരെ നടന്നുവരുന്നു.എന്നെ തിരിച്ചറിഞ്ഞ ആസ്ത്രീയെ പെട്ടെന്ന് ഞാനും തിരിച്ചറിഞ്ഞു.
രമണി! കമ്പനിയില്‍ കൂടെ ജോലിചെയ്തിരുന്ന രമണ്യേച്ചി!. ചെറുപ്പത്തിലെ വിവേകമില്ലാത്ത കാലത്തൊരു പ്രണയം തകര്‍ത്തജീവിതം.പതിനെട്ടാം വയസ്സിലൊരു നാല്‍പ്പത്തഞ്ച്‌ കാരന്റെ പ്രണയത്തില്‍ വീണ്‌ വീട്ടില്‍ നിന്നോളിച്ചോടി അവസാനം അയാളുപേക്ഷിച്ചപ്പോള്‍ ഏക ആശ്രയമായ അമ്മയോടൊന്നിച്ച്‌ പാടത്തിനപ്പുറത്തൊരു ചെറ്റക്കുടിലില്‍ താമസിച്ചിരുന്നു.അമ്മക്ക്‌ മരുന്ന് വാങ്ങാനും പട്ടിണിമാറ്റാനും കമ്പനിയില്‍ജോലിക്ക്‌ വന്നിരുന്ന, ദുഖങ്ങളൊന്നും പുറത്ത്‌ കാണിക്കാതെ തമാശകള്‍പറഞ്ഞിരുന്ന രമണ്യേച്ചി. സെറ്റ്‌ മുണ്ടുടുത്തത്‌ കോണ്ടായിരിക്കാം ആറ്‌വര്‍ഷങ്ങള്‍ രമണ്യേച്ചിയില്‍ വലിയ മാറ്റഞ്ഞളൊന്നും വരുത്തിയതായി തോന്നുന്നില്ല.
'രമണ്യേച്ചിക്കെന്നെ എങിനെമനസ്സിലായി?' ഞാന്‍ ചോദിച്ചു.
'വര്‍ഷം ഒരുപാട്‌ കഴിഞ്ഞെങ്കിലും നിന്റെ രൂപത്തിന്‌ വലിയ മാറ്റമൊന്നും വന്നിട്ടില്ല ഇത്തിരി കഷണ്ടി കയറീന്നേ ഉള്ളൂ. അല്ല നീ കഴിഞ്ഞ തവണവന്നതും കല്യാണം കഴിഞ്ഞതുമെല്ലാം ഞങ്ങളറിഞ്ഞു ഞങ്ങളെ ക്ഷണിക്കാനോ ഇവിട വരെ വരാനോ തോന്നീലല്ലോ?'
തമാശരൂപേണയാണ്‌ ചേച്ചി അത്‌ പറഞ്ഞതെങ്കിലും മനസ്സില്‍ വല്ലാത്ത കുറ്റബോധം തോന്നി. കഴിഞ്ഞ വരവിലെ വിവാഹവും അതിന്റെ തിരക്കും കുറഞ്ഞ അവധിയുമെല്ലാം കാരണങ്ങളായിപറയാമായിരുന്നെങ്കിലും എനിക്കൊന്നും പറയാന്‍ തോന്നിയില്ല.പക്ഷെ രമണ്യേച്ചി അതിന്റെ മറുപടി യൊന്നും പ്രതീക്ഷിക്കാതെ വീണ്ടും ചോദിച്ചു.
'കുട്ടീണ്ടോ?'
'ഉണ്ട്‌ ഒരു മോന്‍. അല്ലചേച്ചി ഇപ്പോ എന്ത്‌ ചെയ്യ്‌ണൂ?'
'ഞാന്‍ ഇപ്പഴും കമ്പനീപ്പോണുണ്ട്‌ അമ്മ മരിച്ചേപ്പിന്നെ ഒറ്റക്കാ താമസം'.
'ഒറ്റക്കോ? അതെന്താ ചേച്ചി പിന്നെ കല്യാണത്തിനൊന്നും ശ്രമിച്ചില്ലേ?'
ആചോദ്യം കേട്ട്‌ ചേച്ചിയുടെ മുഖം വിവര്‍ണ്ണമായി.
'എന്തിനാടാ എന്നെ ഇനീം കൊലക്ക്‌ കൊട്ക്കണോ? മുമ്പൊരുത്തന്‍ തല്ലി ഒടിച്ച തണ്ടെല്ല് ഇത്‌ വരെശരിയായിട്ടില്ല.ഇപ്പോ എനിക്ക്‌ കൊഴപ്പൊന്നൂംല്ല്യാ ആള്‍ക്കാരോരോന്ന് പറയ്വോര്‌ക്കും അവരവിടെപറഞ്ഞോട്ടെ!'
ദീര്‍ഗ വീക്ഷണമില്ലാത്ത രമണ്യേച്ചിയുടെ ഈവാക്കുകള്‍കേട്ട്‌ അല്‍പ്പം ശാസനയും ഉപദേശവും കലര്‍ത്തി ഞാന്‍ പറഞ്ഞു.
'ചേച്ചി ഇപ്പോ ഇങ്ങിനെയൊക്കെ പറയും കൊറച്ച്‌ കഴിഞ്ഞ്‌ കെടപ്പിലായി നോക്കണം അപ്പോഴറിയാം!'.
'ഓ! കെടപ്പിലാകുമ്പോഴല്ലേ? അതിന്‌ മുമ്പ്‌ നമ്മുടെ രശ്മി ചെയ്തപോലെ ഞാനുമങ്ങട്‌ ചെയ്യും!
എന്റെയുള്ളില്‍ ആവാക്കുകള്‍ ഒരുവെള്ളിടിയായി മാറി.രശ്മി! അവളുടെ ഓര്‍മ്മകളാണ്‌ എന്നെ വീണ്ടും ഈവഴിയിലെത്തിച്ചത്‌!
തെല്ല് പരിഭവത്തോടെ ഞാന്‍ ചോദിച്ചു.
എന്ത്‌? രശ്മിക്കെന്ത്‌ പറ്റി?
അപ്പോ നീ ഒന്നും അറിഞ്ഞില്ലെ? കഴിഞ്ഞ കര്‍ക്കടകത്തില്‌ അവള്‌ ഈ കുളത്തില്‍ ചാടി മരിച്ചു!
ഒക്കെ ആമഹാപാപി കാരണാ! കല്യാണം കഴിഞ്ഞ അന്ന് മുതല്‍ അവളവന്റെ ഇടീം കുത്തും സഹിച്ചു മുഴുക്കുട്യേനായീര്‌ന്നു.ഒരിക്കല്‍ വെളിവില്ലാണ്ടവനിടിച്ചിട്ട്‌ തലപൊട്ടി അവളാസ്പത്രീലായപ്പോ ഞാനും കൂടി പറഞ്ഞിട്ടാ അവളാബന്ധം വേര്‍പ്പെടുത്ത്യെത്‌.അങ്ങിനെ അവളും കുട്ടീം അവള്‍ടെ അമ്മേടെ കൂട്യായി.ഒരീസം ആപിശാശ്‌ വന്ന് കുട്ടീനേം എടുത്തോണ്ട്‌ പോയി.കോടതീപോയിര്‌ന്നെങ്കില്‌ കുട്ടീനെ അവള്‍ക്ക്‌ കിട്ട്വേര്‌ന്ന്. പക്ഷെ അവളന്ന് രാത്രി നേരെ ഈ കൊളത്തില്‌ക്കാ വന്നത്‌.
രമണ്യേച്ചി പിന്നെയും എന്തൊക്കെയോപറയുന്നുണ്ടായിരുന്നു.പക്ഷെ എനിക്കൊന്നും ശ്രദ്ധിക്കാനായില്ല.അമ്പലക്കുളത്തിന്റെ പടിഞ്ഞാറ്‌ വശത്തെ ആഴം കൂടിയ ഭാഗത്ത്‌ നിന്നും ഒരു പരല്‍മീനിനെയും കൊത്തിപറന്നുയര്‍ന്ന പൊന്മയെയും നോക്കി ഞാന്‍ നിന്നു.ചെമ്പകപ്പൂവിന്റെ മണം പരത്തുന്ന ഒരു കാറ്റ്‌ എന്നെ തഴുകുന്നുണ്ടായിരുന്നു.