30 April, 2007

ജോസേട്ടനും ഫുള്‍ബോട്ടിലും

തൃശൂരിലെ ജോലിക്കാലത്താണ്‌ ഞങ്ങള്‍ കുറേപേര്‍ ജോസേട്ടന്റെ ടെമ്പോട്രാവലറില്‍ ഊട്ടിയിലേക്ക്‌ ടൂറ്പോയത്‌.
നാട്ടിലെ ചൂടില്‍നിന്നും തല്‍ക്കാലമെങ്കിലും ഒരു ആശ്വാസമായിരുന്നു പ്രധാനലക്ഷ്യം.
കൂട്ടത്തില്‍ മദ്യപാനശീലമുള്ളവര്‍ ആരുമില്ലായിരുന്നു. രഹസ്യമായിഉള്ളവര്‍ അത്‌ടൂറില്‍ പുറത്തെടുക്കാതിരിക്കാന്‍ ആദ്യമേ 'ടൂറില്‍ മദ്യംഅനുവദനീയമല്ല' എന്നശാസന പുറപ്പെടുവിച്ചതിനുപിന്നില്‍ പ്രവര്‍ത്തിച്ചത്‌ ഞാനായിരുന്നു.

കൊക്കാലയില്‍നിന്നാരംഭിച്ച യാത്ര ശക്തന്‍തമ്പുരാന്‍ സ്റ്റാന്റിനടുത്ത കല്ലട വൈന്‍സിനടുത്തെത്തിയപ്പോള്‍ ഡ്രൈവര്‍ ജോസേട്ടന്‍ വണ്ടിനിര്‍ത്തി. എല്ലാവരോടുമായിപറഞ്ഞു.
"സാധനം' വേണ്ടവരെല്ലാം ഇവിടുന്ന് വാങ്ങിക്കോളൂ. ഒന്ന് ചൂടായിട്ട്‌ തുടങ്ങാം'.
ഞാന്‍ പറഞ്ഞു 'ഞങ്ങളാരും കുടിക്കാറില്ല. ജോസേട്ടന്‍ വിട്ടോ'.
ജോസേട്ടന്‍ അത്ഭുതത്തോടെ പറഞ്ഞു
'ഈകാലത്തും കുടിക്കാത്തചെറുപ്പക്കാരുണ്ടോ? എപ്പഴും കുടിക്കില്ലെങ്കിലും ഇങ്ങിനെയുള്ളസന്ദര്‍ഭങ്ങളില്‍ ഇത്തിരികഴിക്ക്ണേന്‌ ഒരുകൊഴപ്പൂല്യ. അല്ലെങ്കിലിതിനെന്താ ഒരുരസം?'

വണ്ടിഓടിക്കുന്നതിനിടയില്‍ ഇടക്കിടെ അയാള്‍ ഞങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു.
'അല്‍പ്പംകഴിച്ചൂന്ന് കരുതി ഒന്നും സംഭവിക്കില്ല എന്റെ അയല്‍പക്കത്തൊരു അപ്പാപ്പനുണ്ടായിരുന്നു. തൊണ്ണൂറ്റഞ്ചാം വയസ്സിലാതട്ടിപ്പോയേ. ഞാന്‍ കാണണകാലം തൊട്ടേ അങ്ങോര്‌ നാല്‌കാലിലാ...'

അങ്ങനെ ഒരുപാട്‌ കുടിയന്മാരുടെ ആയുര്‍ ദൈര്‍ഗ്യത്തിന്റെ രഹസ്യം അയാള്‍കെട്ടഴിച്ചു. ഒരുതുള്ളിവെള്ളവും കിട്ടാത്ത ഒരു ഗ്യാങ്ങിനെയും കൊണ്ടുള്ള യാത്ര അയാല്‍ക്ക്‌ ഒട്ടും പിടിച്ചിട്ടില്ലെന്ന് വ്യക്തം. ക്ഷമ നശിച്ചെങ്കിലും ഇയാളെ പിണക്കിയാല്‍ ടൂറിന്റെ രസം ചോര്‍ന്നുപോകുമോ എന്നഭയത്താല്‍ എല്ലാവരും സഹിച്ചു.

ഊട്ടിയിലെത്തി റൂമെടുത്തതോടെ അയാളുടെ പരിഭവം ഇരട്ടിയായി.
'ഈതണവത്ത്‌ രണ്ടെണ്ണം വിട്ടില്ലേ പിന്നെ ടൂറ്‌ന്നും പറഞ്ഞ്‌ ഇങ്ങട്‌ വന്ന്ട്ട്‌ എന്തൂട്ട്‌ണാണ്ടാകാര്യം?'

സഹികെട്ട് ഞാന്‍ പുറത്തിറങ്ങി അടുത്ത്‌ കണ്ട ബ്രാണ്ടിഷാപ്പില്‍കയറി.
ആദ്യം കടയിലെ അണ്ണാച്ചിയോട്‌ പറയേണ്ട തമിഴെല്ലാം റിഹേഴ്സല്‍ നടത്തി.(കമ്പനിയിലേക്കുള്ള മെറ്റീരിയത്സിന്റെ ഓര്‍ഡറെടുക്കാന്‍ വരുന്ന മുത്തയ്യന്‍ എന്ന അണ്ണാച്ചിയില്‍നിന്നും കൊഞ്ചം കൊഞ്ചം പഠിച്ച തമിഴെല്ലാം ഒന്ന് പരീക്ഷിക്കുവാനും തീരുമാനിച്ചു.) കുടിയന്മാരുടെ സംഭാഷണത്തില്‍നിന്നും കേട്ട്‌ പരിചയിച്ച ഒരു ബ്രാന്‍ഡിന്റെ പേര്‌ ഓര്‍ത്തെടുത്തു.
'അണ്ണാ ഒ.സി.ആര്‍ ഇരിക്കാ?'
'ഇരിക്ക്'
'ഒരെണ്ണം കൊട്‌.'
'ഫുള്ളാ,ഹാഫാ,ക്വാര്‍ട്ടറാ?'
ഞാനൊന്ന് പകച്ചു. ഏതാവാങ്ങേണ്ടത്?
'അതൊന്നും എനക്ക് തിരിയാത് എതനാ ഒന്ന് കൊട്!'
'ഉങ്കിട്ടെ എവളോകാസിര്ക്ക്?'
'കാസൊന്നും പറവാല്ലെ നീ എട്.'
ഉടനെ അണ്ണാച്ചി ഒരു ഫുള്‍ബോട്ടില്‍ ഒ.സി.ആറുമായിവന്നു.
ചെലവായ പണമൊന്നും നോക്കിയില്ല. ജോസേട്ടന്റെ ആക്രാന്തമൊന്ന് തീരട്ടെ എന്നേകരുതിയുള്ളൂ.

റൂമിലേക്ക്‌ ഫുള്‍ബോട്ടില്‍ റമ്മുമായി കയറിച്ചെന്ന എന്നെകണ്ട്‌ എല്ലാവരും അന്ധാളിച്ചു.
പലരും പരസ്പരം പറഞ്ഞു.
'അതുശരി സാലിം കുടിക്കാറുണ്ടല്ലേ? ടൂറില്‌ കുടിപാടില്ലെന്ന് നെയമം കോണ്ടോന്നിട്ട്‌ വരണവരവ്‌ കണ്ടോ ഫുള്ളാകയ്യില്‌! നാട്‌ വിട്ടാലല്ലേ പലരുടെയും തനിനെറം പുറത്ത്‌വറല്‌. മദ്യത്തിനെതിരെ എത്രവാചകമടിച്ച ആളാ! '

ഞാനതൊന്നും ശ്രദ്ധിക്കാതെ നേരെ ജോസേട്ടനോട്‌ പറഞ്ഞു.
'എന്നാതൊടങ്ങ്വല്ലെ?'
ജോസേട്ടന്റെ മുഖത്ത്‌ പതിനാലാം രാവുദിച്ചു.
'എടാനീയാടാ ആങ്കുട്ടി! വാ ഇങ്ങോട്ടിരി'.
ജോസേട്ടന്‍ നൊടിയിടയില്‍ എവിടെനിന്നോ രണ്ട്‌ ഗ്ലാസും ഒരുകുപ്പിവെള്ളവും കുറച്ച്‌ മിച്ചറും സംഘടിപ്പിച്ചു.
അയാള്‍ കുപ്പിതുറന്ന് ഒരുഗ്ലാസിലേക്ക്‌ പകര്‍ന്നു. രണ്ടാമത്തേതിലേക്ക്‌ പകരാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ തടഞ്ഞു.
'ഞാനിത്‌ ജോസേട്ടന്‌ വേണ്ടി വാങ്ങിയതാണ്‌.എനിക്ക്‌ വേണ്ട.'
'എന്തൂട്ട്‌ വറത്താനാ ഗഡീ ഈപറയണേ? നെനക്ക് വേണ്ടേഎനിക്കും വേണ്ടാ.'
'ജോസേട്ടാ ഞാന്‍ കൂടെ കുടിക്കുന്നൂന്ന് കരുതിയാല്‍ മതി.ജോസേട്ടന്റെ സന്തോഷാ എന്റെയും സന്തോഷം!'
'അതൊന്ന്വല്ല. നീ അടിക്കാത്തേന്റെ കാരണന്താച്ചാ അത്‌പറ! തടിവെടക്കാകുംന്ന് കരുതീട്ടാ?'
'ഏയ്‌! എനിക്കങ്ങിനെ ഒരുപേടിയും ഇല്ല.'
'ആരേങ്കിലും കാണുംച്ചിട്ടാണോ?'
'ഏയ്‌! അതുമല്ല.'
'പിന്നെ?'
പുറകില്‍നിന്നാരോപറഞ്ഞു. 'അവന്‌ കുടിഹറാമായതോണ്ടാണ്‌.'
'അത്‌ ശരി എനിക്കും അതങ്ങനെതന്നേണ്‌''
'എന്ത്‌? ജോസേട്ടന്‌ എങ്ങനേണ്‌ ഹറാമാകണത്‌? ചേട്ടന്‍ കൃസ്ത്യാനിയല്ലേ?'
'അതേടാ എനിക്കും മദ്യം ഹരമാണ്‌. നീപറയുമ്പോള്‍ ഹറാം ഞാന്‍ പറയുമ്പോള്‍ ഹരം! അതോണ്ട്‌ മോന്‍ ആഗ്ലാസ്‌ ഇവിടെ വെയ്‌!'
'ജോസേട്ടന്‍ എന്തുപറഞ്ഞാലും ഞാന്‍ കുടിക്കില്ല. ജോസേട്ടന്‍ തുടങ്ങ്‌.'
എല്ലാവരുടെയും നിര്‍ബന്ധത്തിന്‌ വഴങ്ങി അവസാനം അയാള്‍കീഴടങ്ങി.
'ശരി നിങ്ങള്‍ക്കെല്ലാം നിര്‍ബന്ധാച്ചാല്‍ ഞാന്‍ തൊടങ്ങാന്‍പോവ്വാ. ഇതുപോലെ രണ്ടെണ്ണം വിഴുങ്ങാനുള്ളകപ്പാസിറ്റിഎനിക്ക്ണ്ട് ന്നാലും കമ്പനിക്കൊരാളുണ്ടായാ അതൊരുരസാ'.

ഓരോഗ്ലാസ്‌ കഴിയുമ്പോഴും പുതിയതൊഴിച്ച്‌ മിക്സ്‌ ചെയ്തുവച്ച്‌ ജോസേട്ടന്‍ കുടിയും പ്രസംഗവും തുടര്‍ന്നു.
അരക്കുപ്പി അകത്തായതോടെ അയാളുടെ സംസാരത്തില്‍ 'ഴ' കാരങ്ങള്‍ക്കൊപ്പം പുതിയ തത്വജ്ഞാനവും കടന്നുവന്നു.
'മക്കളേ നിങ്ങളാരും കുഴിക്കരുത്‌! മദ്യം വിഷമാണ്‌! ആദ്യം നിങ്ങള്‍ മദ്യം കുഴിക്കും പിന്നെ നിങ്ങളെ മദ്യം കുഴിക്കും!'
'ആദ്യായിട്ട്‌ കുഴിക്കുന്നോരെന്താ വാള്‌വെക്ക്‍ണേന്നറിയ്‌വോ? '
'ഏയ്‌ ഇല്ല എന്താ? '
'അതായത്‌ നമ്മുടെ കുടുംമ്മത്ത്‌ കേറ്റാന്‍ പറ്റാത്തോന്‍ കുടുംമ്മത്ത്‌ കയറിവന്നാല്‍ ന്താ നമ്മള്‌ ചെയ്യ്‌വാ? ചവിട്ടിപുറത്താക്കും ല്ലേ? അതുപോലെ നമ്മട കൊടലീകേറ്റാന്‍പറ്റാത്തോന്‍ കേറിവന്നപ്പോ കൊടല്‌ എറക്കിവിടുന്നതോണ്ടാ വാള്‌ വെക്ക്‍ണേ...'

'കുടുംമ്മത്ത്‌ കേറ്റാന്‍ കൊള്ളാത്തോന്‍ പിന്നേം പിന്നേം അധികാരത്തോടെ കേറിവരാന്‍ തൊടങ്ങ്യാ പിന്നെന്താ ചെയ്യ്‌വാ? അവന്‍ വരുകേപോവ്വേ എന്തെങ്കിലും ആയിക്കോട്ടേന്ന് കരുതും ല്ലേ? അങ്ങനെ ആകുടുമ്മം അവന്‍ കൊളം തോണ്ടും.'
'അതുപോലെ നമ്മട ആമാശയോം അങ്ങട്‌ കരുതും.അതുകൊണ്ടാണ് പിന്നെ പലരും വാള് വെക്കാത്തത്.'
അങ്ങനെ മദ്യം നമ്മട കൊടലും, ലിവറും,കിട്‌നീം ഒക്കെനശിപ്പിച്ച്‌ നമ്മളെ അങ്ങട്‌...

കാല്‍കുപ്പിയോളം ബാക്കിവച്ച്‌ ജോസേട്ടന്‍ മറിഞ്ഞുവീണു.പിന്നെയും എന്തൊക്കെയോ മുരണ്ടു.പിന്നെ അത്‌ പാറപ്പുറത്ത്‌ ചിരട്ടയുരതുന്നശബ്ദത്തിലുള്ള കൂര്‍ക്കം വലിയായിമാറി.

10 comments:

salim | സാലിം said...

ഒരു ടൂറുകത്തി. പുതിയപോസ്റ്റ്

അപ്പു ആദ്യാക്ഷരി said...

“അതുപോലെ നമ്മട കൊടലീകേറ്റാന്‍പറ്റാത്തോന്‍ കേറിവന്നപ്പോ കൊടല്‌ എറക്കിവിടുന്നതോണ്ടാ വാള്‌ വെക്ക്‍ണേ...'

ഈ നിരീക്ഷണം കലക്കി..!!

മൂര്‍ത്തി said...

:)

സൂര്യോദയം said...

സാലിം... വാളുവെപ്പിന്റെ ജ്യോഗ്രഫി ഇപ്പോഴല്ലേ പിടികിട്ടിയത്‌... :-)

Anonymous said...

തൃശൂര്‍ന്ന് ടൂര്‍പോകുന്നൂന്ന് കേട്ടപ്പം ഞാന്‍ കരുതീത്‌ ചെമ്പകസുഗന്ധത്തിലെ സുന്തരിയും കൂടെയുണ്ടാവൂന്നായിരുന്നു.
ഒരുകുപ്പീക്ക്‌ ഒരുതുള്ളി വെള്ളം ചേര്‍ക്കാത്ത അനുഭവക്കുറിപ്പുകള്‍ ഇനിയും സാലിംകായില്‍നിന്ന് വരാനുണ്ട്‌. " അന്ന് നമ്മള്‍ കോമാങ്ങ അപ്പാപോളിയാക്കിയത്‌ പോലെ"
നന്നായിരിക്കുന്നു.
സ്നേഹപൂര്‍വ്വം റുമാന.

Abdul Azeez Vengara said...

കള്ള് വാങ്ങിക്കൊടുക്കലും ഹറാമല്ലേ?

മുസാഫിര്‍ said...

എല്ലാത്തിനും ഒരു കണ്ട്രോള് വേണം ജോസേട്ടാ എന്നു പറയായിരുന്നില്ലെ ?എന്തായാലും പുള്ളിയുടെ തൃശൂര്‍ ഡയലോഗുകള്‍ ഇഷ്ടായി.

Anonymous said...

May 6, 2007 9:57:00 AM GMT
Azeez Vengara said...
കള്ള് വാങ്ങിക്കൊടുക്കലും ഹറാമല്ലേ?
May 15, 2007 10:40:00 AM GMT

അതെ.. തീര്‍ച്ചയായും MR. SALIM HAS DONE THIS .MAY BE HE IS NOT STUDIED THIS AS SOMANY

ALSO. CHRISTANISM STRICTLY PROHIBITTED ALCHOHOL AS BIBLE

Femin Susan said...

Very good tour..Enjoy...

Beena said...

dialogues okke ugranayittundu